Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാന് സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയില് നില്ക്കെ വന് തുക വാടകയായി നല്കി കലൂര് ജെഎല്എന് സ്റ്റേഡിയത്തില് കളിക്കണോ എന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്ന കാര്യത്തെക്കുറിച്ച് ആലോചനകള് നടക്കുന്നുണ്ടെന്നു ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള് ദീപിക ഓണ്ലൈനോടു പ്രതികരിച്ചു.
ആലോചനയിൽ
ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്, അതില് സ്ഥീരികരണമൊന്നും ആയിട്ടില്ല. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഹോം ഗ്രൗണ്ട് ആയി നോക്കുന്നത്. ഇക്കാര്യവും ഉറപ്പായിട്ടില്ല - ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള് പറഞ്ഞു. ഫെബ്രുവരി 14ന് ആണ് ഐഎസ്എല് മത്സരങ്ങള് ആരംഭിക്കുന്നത്. അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് ഹോം ഗ്രൗണ്ട് തെരഞ്ഞെടുക്കാനായി ബ്ലാസ്റ്റേഴ്സ് നല്കിയ ലിസ്റ്റിലാണ് മൂന്നു വേദികള് ഉള്പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു കലൂര് ഹോം ഗ്രൗണ്ട് ആകാന് സാധ്യത കുറവാണ്. അതിനാല് ഈ സീസണില് ബ്ലാസ്റ്റേഴ്സ് കൊച്ചിയില് കളിക്കാനും സാധ്യതയില്ല. അതേസമയം, കഴിഞ്ഞ സീസണുകളില് എല്ലാം കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ആദ്യ മത്സരങ്ങളില് ജയിച്ചു മുന്നേറുന്ന ടീമിനു പിന്നീടു സ്ഥിരത നഷ്ടപ്പെടുന്ന കാഴ്ച പോയ വര്ഷങ്ങളില് കണ്ടു. ഇത് ആരാധകരുടെ സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്കിനെയും ടിക്കറ്റ് വരുമാനത്തെയും ബാധിക്കാറുണ്ട്.
കളിയില്ല, വിദേശ താരങ്ങൾ കളംവിട്ടു
മാത്രമല്ല, വിദേശ താരങ്ങളില് പലരും ടീം വിട്ടുകഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും മിഡ് ഫീല്ഡറും ഏറ്റവും മികച്ച താരവുമായിരുന്ന അഡ്രിയാന് ലൂണ, മറ്റൊരു വിദേശ താരമായ നോവ സദോയ് എന്നിവര് ലോണില് മറ്റൊരു ക്ലബ്ബില് ചേര്ന്നു. ഈ സീസണില് ഇവര് ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവില്ല. അതിനാല് ഒരു വര്ഷം കഴിയുമ്പോള് മാത്രമേ ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സിലേക്കു മടങ്ങാനാവുകയുള്ളു. ഒരു വര്ഷത്തെ കരാറില് കഴിഞ്ഞ ഒക്ടോബറില് ബ്ലാസ്റ്റേഴ്സിലെത്തിയ സ്പാനിഷ് താരം ജുവാന് റോഡ്രിഗസും ക്ലബ്ബ് വിട്ടു.
കഴിഞ്ഞ ഒക്ടോബറില് ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്ന്ന തിയാഗോ ആല്വസ് മത്സരങ്ങള് നടക്കാത്തതിനാല് ഡിസംബറില്തന്നെ ക്ലബ്ബ് വിട്ടു. ഇന്ത്യന് ഫുട്ബോളിലെ അനിശ്ചിതാവസ്ഥ തന്നെയാണ് തിയാഗോയും ക്ലബ്ബ് വിടാന് കാരണമായത്. അതിനാൽ ഈ സീസണിലെ ടീം എങ്ങനെയാകും എന്ന കാര്യത്തില് ആരാധകര്ക്കും പിടിത്തമില്ല.
മലബാർ ആരാധകരിൽ പ്രതീക്ഷ
കളി കാണാൻ ആരാധകരുടെ ഒഴുക്കുണ്ടാകുമോയെന്നതിൽ ആർക്കും ഉറപ്പില്ല. അതിനാല് സാമ്പത്തികമായി കലൂര് സ്റ്റേഡിയത്തെ ആശ്രയിക്കാന് ബ്ലാസ്റ്റേഴ്സിന് ആവില്ല. എന്നാല്, കോഴിക്കോടും മലപ്പുറത്തും ഏറെ ഫുട്ബോള് ആരാധകര് ഉള്ളതിനാല്, ഈ ജില്ലകളില് ടൂര്ണമെന്റ് നടക്കുകയാണെങ്കില് ആളു കൂടും എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ നിഗമനം. ഈ ജില്ലകളില്നിന്നുള്ള ആരാധകര് ടീമിന്റെ മോശം സമയത്തും നല്ല സമയത്തും ഒരുപോലെ പിന്തുണ നല്കിയിട്ടുണ്ട്. കളികള് കാണാന് ആവേശത്തോടെ ആരാധകര് എത്തുന്നത് കളിക്കാരിലും ആവേശം പകരും.
Sports
കൊച്ചി: സൂപ്പർ താരം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് വിട്ടു. വായ്പാടിസ്ഥാനത്തില് താരത്തെ കൈമാറിയതായി ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. ഒരു വര്ഷത്തേക്കാണ് കരാര്.
ഏത് ടീമിലേക്കാണ് ലൂണ മാറിയതെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടില്ല. ഇന്തോനേഷ്യന് ക്ലബില് താരം ചേരുമെന്നാണ് സൂചന. ഉറുഗ്വേ താരമായ ലൂണയ്ക്ക് 2027 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. മഞ്ഞപ്പടയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് 33 കാരനായ അഡ്രിയാൻ ലൂണ.
87 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ലൂണ 15 ഗോളുകളും നേടിയിട്ടുണ്ട്. ലൂണയുടെ കൂടുമാറ്റത്തില് അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷനെ വിമര്ശിച്ച് ആരാധകര് രംഗത്തെത്തി.
Sports
മുംബൈ: കേരള ബ്ലാസ്റ്റേഴ്സിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഉറുഗ്വേൻ താരം അഡ്രിയൻ ലൂണ. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമാണിപ്പോൾ ലൂണ. സൂപ്പർ കപ്പിൽ മുംബൈയ്ക്കെതിരേ ലൂണയുടെ എണ്പത്തിയേഴാം മത്സരമായിരുന്നു.
97 മത്സരങ്ങളിൽ കളിച്ച സഹൽ അബ്ദുൽ സമദാണ് ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഏറ്റവും കൂടുതൽ കളത്തിലിറങ്ങിയ താരം. 89 മത്സരങ്ങളിൽ കളിച്ച കെ.പി. രാഹുലാണ് രണ്ടാം സ്ഥാനത്ത്. 86 മത്സരങ്ങൾ കളിച്ച ജീക്സണ് സിംഗും 81 മത്സരങ്ങൾ കളിച്ച സന്ദീപ് സിംഗുമാണ് ലൂണയ്ക്ക് താഴെയുള്ളത്.
അതേസമയം, തങ്ങളുടെ ആദ്യ കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനൽ കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റിയോട് തോറ്റു. എണ്പത്തിയെട്ടാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ഏക ഗോളാണിത്.
തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ടീമിന് സെമിഫൈനൽ ഉറപ്പിക്കാമായിരുന്നു.
Sports
ഫറ്റോർഡ: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് 2025 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയാണ് എതിരാളികൾ. ബാംബോളിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിൽ വൈകുന്നേരം 4:30നാണ് മത്സരം.
ഇരു ടീമുകളും ആദ്യമായാണ് നേർക്കുനേർ വരുന്നത്. ടൂർണമെന്റിൽ വിജയകരമായ തുടക്കമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ ജയത്തോടെ മൂന്ന് പോയിന്റ് നേടാനാണ് ടീം ലക്ഷ്യമിടുന്നത്.
’’ടീം സജ്ജമാണ്, ആദ്യ മത്സരങ്ങൾ എളുപ്പമാകില്ല. രാജസ്ഥാൻ യുണൈറ്റഡ് പ്രതിരോധത്തിൽ കെട്ടുറപ്പുള്ളവരാണ്, അത് ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രകടനം നൂറ് ശതമാനമായാൽ വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ’’- മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പരിശീലകൻ ഡേവിഡ് കാറ്റല പറഞ്ഞു. ഗ്രൂപ്പ് ഡിയിൽ എസ്സി ഡൽഹി, മുംബൈ സിറ്റി എഫ്സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റ് എതിരാളികൾ.